ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

\P>കേരളത്തിന്‍റെ സവിശേഷതയെ ഭൂപ്രകൃതിയനുസരിച്ച് മൂന്നായി തരം തിരിക്കാം. മലനാട്, ഇടനാട്, തീരപ്രദേശം. കൊറ്റങ്കര പഞ്ചായത്ത് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. കൊല്ലം പട്ടണത്തിന് 12 കി.മീ കിഴക്കുമാറി കൊല്ലം ചെങ്കോട്ട റോഡിന്‍റെ തെക്കു വശത്തായി സ്ഥിതി ചെയ്യുന്നു. പഴമക്കാരുടെ പഴംപുരാണങ്ങളിൽ കൊറ്റങ്കര എന്ന നാമത്തിന് പല അർത്ഥങ്ങൾ കല്പിച്ചിരിക്കുന്നതായി കാണാം. ഒരു കാലത്ത് കൃഷിക്കാരുടെ പ്രദേശമായിരുന്നു ഇവിടം. ആഹാരത്തിന് ദാരിദ്ര്യമില്ലാത്ത സ്ഥലമായിരുന്നു. വയറുനിറയെ ആഹാരം കഴിക്കാൻ ഉള്ളവരുടെ കര – കൊറ്റ് ഉള്ളവരുടെ കര – കൊറ്റങ്കര ആയതാണെന്ന് ചിലർ; വലിയ കര എന്ന അർത്ഥത്തിലാണ് കൊറ്റങ്കര വന്നതെന്ന് മറ്റുചിലർ പറയുന്നു. ഇതിന് ആധികാരികമായി ഒന്നുംതന്നെയില്ല. ഇന്ത്യയുടെ ചരിത്രത്തിലേക്ക് കൊറ്റങ്കരയെ ബന്ധിപ്പിക്കുന്ന പ്രമുഖ കണ്ണിയാണ് വേലുത്തമ്പി ദളവയുടെ ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം”. കുണ്ടറ വിളംബരത്തിന്‍റെ ഓരോ വാക്കും ദേശീയാഭിമാനം വളർത്തുവാനും, സ്വാതന്ത്ര്യ സമ്പാദനത്തിന് ജനങ്ങളെ കച്ചകെട്ടിക്കുവാനും വേണ്ടി കരുതിക്കൂട്ടി രൂപം കൊണ്ടിട്ടുള്ളതാണ്.\P>